ചരിത്രം
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍
കെ.ജി. ഗോപകുമാര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
കെ.ജി. ഗോപകുമാര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
കെ.ജി. ഗോപകുമാര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
1984 കാലഘട്ടത്തില്‍ എറണാകുളത്ത് ചില ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകാര്‍ ശ്രീ മാത്യു കട്ടപ്പുറത്തിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടുകയും വര്‍ക്ക്ഷോപ്പുകാര്‍ക്ക് ഒരു സംഘടന ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്‍റെ ഫലമായി 1984-ല്‍ എറണാകുളത്തെ മേഴ്സി ടൂറിസ്റ്റ് ഹോമില്‍വച്ച് ആദ്യയോഗം കൂടുകയുണ്ടായി. പ്രവര്‍ത്തന സൗകര്യാര്‍ത്ഥം 12 പേര്‍ അടങ്ങുന്ന ഒരു ഗവേണിംഗ് ബോഡി രൂപവത്കരിച്ചു. 1984 മേയ് മാസം 14ന് വൈകുന്നേരം 7 മണിക്ക് കൊച്ചിന്‍ ടൂറിസ്റ്റ് ഹോമില്‍വച്ച് ശ്രീ. മാത്യു കട്ടപ്പുറത്തിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം കൂടുകയും അതില്‍ 16 പേര്‍ പങ്കെടുക്കുകയും ചെയ്തു.
അന്നെടുത്ത തീരുമാനത്തില്‍ മുഖ്യമായ വിഷയം ചാര്‍ജ്ജ് ഏകീകരിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെ സെക്യൂരിറ്റി വാങ്ങിക്കൊണ്ട് ഓഫീസ് കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുവേണ്ടി ശമ്പളം കൊടുത്ത് നിയമിക്കണമെന്നും വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടീസ് പ്രിന്‍റ് ചെയ്ത് എറണാകുളത്തെ എല്ലാ വര്‍ക്ക്ഷോപ്പുകളിലും എത്തിക്കുവാനും തീരുമാനങ്ങള്‍ എടുത്തിരുന്നു.
1985 മേയ് 20ന് കൂടിയ യോഗത്തില്‍ സംഘടനയ്ക്ക് ഒരു ഭരണഘടന വേണമെന്നും അത് ചെയ്യുന്നതിന് അഡ്വക്കേറ്റ് പി.ആര്‍. ആന്‍റണിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിന്‍പ്രകാരം 4-9-1985ല്‍ 355/85-ാം നമ്പരായി അസോസിയേഷനുവേണ്ടി സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.സംഘടനയുടെ ആദ്യ പ്രസിഡന്‍റായി ശ്രീ. മാത്യു കട്ടപ്പുറത്തിനെയും വൈസ് പ്രസിഡന്‍റ് ശ്രീ. ടി. ഭാസ്കരനേയും ജനറല്‍ സെക്രട്ടറിയായി ശ്രീ. കെ.എസ്. ശ്രീധരനേയും, ജോയിന്‍റ് സെക്രട്ടറിയായി ശ്രീ. ടി. സജീവനെയും ട്രഷററായി ശ്രീ. കെ.എ. സേവ്യറിനെയും തെരഞ്ഞെടുത്തു.
സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ശ്രീ. സി.കെ. തങ്കപ്പന്‍ വൈറ്റില, ശ്രീ. ടി.കെ. രാജന്‍ തൃപ്പൂണിത്തുറ, ശ്രീ. എ.എന്‍. ചെല്ലപ്പന്‍ അലുപുരം, ശ്രീ. കെ.കെ. സോമന്‍ പാലാരിവട്ടം, ശ്രീ. കെ. രാജന്‍ ചെറായി, ശ്രീ. ടി.വി. ഫ്രാന്‍സിസ് എറണാകുളം, ശ്രീ. എം. സെബാസ്റ്റ്യന്‍, ശ്രീ. പി.എ. പുരുഷോത്തമന്‍ കൊച്ചി, ശ്രീ. സുകുമാരന്‍ എറണാകുളം, ശ്രീ. കെ. രാജപ്പന്‍ എറണാകും, ശ്രീ. എ.പി. ബേബി, ശ്രീ. പി. ഉണ്ണി, ശ്രീ. എം.എസ്. സേതുമാധവന്‍ എന്നിവരായിരുന്നു. സംഘടനയില്‍ ആദ്യമായി അംഗത്വമെടുത്തത് ശ്രീ. കെ. രാജനായിരുന്നു.
1989-90 കാലഘട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സംഘടനയുടെ സന്ദേശം എത്തിക്കുവാന്‍ ഭാരവാഹികളായ ശ്രീ. പി.എം. ചെറിയാന്‍ പനന്താനവും, ശ്രീ. കെ.എ. സേവ്യറും അടങ്ങുന്ന ഒരു വന്‍ സംഘം ശ്രമിച്ചതിന്‍റെ ഫലമായി തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെ ജില്ലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുവാന്‍ സാധിച്ചു. പരസ്പര വിദ്വേഷത്തോടും നിസ്സഹകരണത്തിലും പെരുമാറിപ്പോന്നിരുന്ന ഒരു വിഭാഗം വര്‍ക്ക്ഷോപ്പുകാരെ ഒന്നിച്ച് അണിനിരത്തുന്നതിന് വേണ്ടി മുന്‍കാല പ്രവര്‍ത്തകര്‍ അനുഭവിച്ച വേദനകള്‍ മറക്കാവുന്നതല്ല. ഒരു വാഹനം വിളിച്ച് കൂടെപ്പോരാവുന്നവരെ കൂട്ടി ഒരു ജൈത്രയാത്ര നടത്തുകയാണ് ചെയ്തിരിക്കുന്നത്. ചില ജില്ലകളില്‍ നല്ല സഹകരണമുണ്ടായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നമ്മുടെ സംഘടനയ്ക്ക് ആദ്യകാലങ്ങളില്‍ വേരുറപ്പിക്കാന്‍ പെട്ടെന്ന് സാധിച്ചില്ല. എന്നാല്‍ ജില്ലയെ പ്രതിനിധീകരിച്ച് കാസര്‍ഗോഡുനിന്നും ശ്രീ. നാരായണമാരാരും കണ്ണൂരില്‍നിന്നും ശ്രീ. കുഞ്ഞമ്പു നായരുമൊക്കെ എറണാകുളത്ത് നടക്കുന്ന കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നു.
ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനത്തിനു വേണ്ടി കോഴിക്കോട് ശ്രീ. കെ.എ. ഭാസ്കരന്‍, വയനാട് ശ്രീ. കെ.ഡി. രാജന്‍, മലപ്പുറം ശ്രീ സി.എച്ച്. മൊയ്തീന്‍, പാലാരിവട്ടം ശ്രീ. മധു, തൊടുപുഴ ശ്രീ. ജോസ്, ആലപ്പുഴ ശ്രീ. പി.കെ. സരസപ്പന്‍, കോട്ടയം ശ്രീ. ഗോപാലകൃഷ്ണന്‍, കൊല്ലം ശ്രീ. ശിവദാസന്‍ നായര്‍, തിരുവനന്തപുരം ശ്രീ. ജി. പരമേശ്വരന്‍ നായര്‍, ശ്രീ. എം. രാജഗോപാലന്‍ നായര്‍, ശ്രീ. വിഷ്ണുദാസ്, എറണാകുളം ശ്രീ.പി.എ. തമ്പി, പാലക്കാട് ശ്രീ. സലിം തുടങ്ങിയവരുടെ അശ്രാന്തപരിശ്രമഫലമുണ്ടായിരുന്നു.
1997ന് ശേഷമാണ് തൃശ്ശൂര്‍ ജില്ല, കണ്ണൂര്‍ ജില്ല, കാസര്‍ഗോഡ് ജില്ല എന്നിവ നമ്മുടെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് ഈ സംഘടനയിലൂടെ ലയിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. സി.പി. വിന്‍സെന്‍റ് മൂവാറ്റുപുഴ, ശ്രീ. ജി. രാജന്‍ തിരുവനന്തപുരം, ശ്രീ. ജയരാജ് തൃശ്ശൂര്‍, ശ്രീ. നടരാജന്‍ കൊല്ലം എന്നു തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര സ്നേഹസമ്പന്നരായ ഒരുപിടി ആളുകള്‍ ഈ സംഘടനയ്ക്കുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളവരാണ്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടുപോലും ശ്രീ. ചെറിയാന്‍ പനന്താനവും ശ്രീ. കെ.എ. സേവ്യറുമൊക്കെ സംഘടനയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല.
1997ല്‍ കൂടിയ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് പ്രസിഡന്‍റായി ശ്രീ. ടോമി തോമസ്സിനെയും ജനറല്‍ സെക്രട്ടറിയായി ശ്രീ. കെ.എ. സേവ്യറിനെയും ട്രഷററായി ശ്രീ. സി.പി. വിന്‍സെന്‍റിനേയും വൈസ് പ്രസിഡന്‍റായി ശ്രീ. എം. രാജഗോപാലന്‍ നായരേയും ജോയിന്‍റ് സെക്രട്ടറിയായി ശ്രീ. എം.കെ. വിജയനേയും തെരഞ്ഞെടുത്തു. 1997 മുതല്‍ സഹതൊഴിലാളികളെയും ഈ സംഘടനയുടെ അംഗങ്ങളാക്കണമെന്നും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇന്‍ഷുറന്‍സ് നടപ്പിലാക്കാനും തീരുമാനമെടുത്തു. കേരളത്തിലെ പല ജില്ലകള്‍ക്കും സ്വന്തമായി ഓഫീസ് ഉണ്ടായിരന്നിട്ടും സംസ്ഥാന കമ്മിറ്റിക്ക് സ്വന്തമായ ഓഫീസ് ഉണ്ടായിരുന്നില്ല. 2000 ഏപ്രില്‍ വരെ എറണാകുളത്ത് ആലപ്പാട് ക്രോസ് റോഡിലുള്ള സേവ്യേഴ്സ് ഓട്ടോമൊബൈല്‍സിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ആയതിനാല്‍ എറണാകുളത്തുതന്നെ ഒരു ഓഫീസ് സംഘടിപ്പിക്കണമെന്നും അതില്‍ ട്രെയിനിംഗ് സെന്‍റര്‍ തുടങ്ങണമെന്നും പല കമ്മിറ്റികളിലും തീരുമാനമുണ്ടായി. എന്നാല്‍ 2000-ല്‍ നടന്ന സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് എളംകുളത്ത് വാങ്ങിയ 13 സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ച ഓഫീസ്, വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്തതോടുകൂടി നമ്മുടെ ചിലകാല സ്വപ്നം സാക്ഷാത്കരിച്ചു. അതിനുവേണ്ടി സഹകരിച്ച നമ്മുടെ മെമ്പര്‍മാര്‍ക്കും പോപ്പുലര്‍, ബെന്‍സ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കുമുള്ള നന്ദി ഈ അവസരത്തില്‍ പ്രകാശിപ്പിച്ചുകൊള്ളുന്നു.
2009 ജൂലായ് മുതല്‍ സംഘടനയുടെ പ്രവര്‍ത്തനരീതിയില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ട്, അംഗങ്ങള്‍ക്ക് ക്ഷേമം ഉറപ്പുവരുത്തുന്നതിനുവേണ്ടുന്ന രീതിയില്‍ ബൈലായില്‍ മാറ്റംവരുത്തി. മുഖ്യതൊഴിലാളി 480 രൂപ വാര്‍ഷിക വരിസംഖ്യ അടയ്ക്കണം. സഹതൊഴിലാളി 360 രൂപ വാര്‍ഷിക വരിസംഖ്യ അടയ്ക്കണം. ഈ രണ്ട് കൂട്ടര്‍ക്കും വേണ്ടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ സംഘടന നിര്‍വ്വഹിക്കും. അതുപോലെ ജില്ലയ്ക്കും യൂണിറ്റിനും പ്രവര്‍ത്തനത്തിനുള്ള ഫണ്ട് വാര്‍ഷിക വരിസംഖ്യയില്‍നിന്നും വിഹിതമായി നല്‍കും. ഇതിന് നേതൃത്വം കൊടുത്തത് സംസ്ഥാന പ്രസിഡന്‍റായിരുന്ന ശ്രീ. ടോമി തോമസും സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ. എം.കെ. വിജയനും സംസ്ഥാന ട്രഷറര്‍ ആയിരുന്ന ശ്രീ. ജോര്‍ജ് വര്‍ഗ്ഗീസുമാണ്.
2011 ജൂലായില്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍വന്നു. സംസ്ഥാന പ്രസിഡന്‍റായി ശ്രീ. എം. രാജഗോപാലന്‍ നായര്‍, ജനറല്‍ സെക്രട്ടറിയായി ശ്രീ. എം.കെ. വിജയന്‍, ട്രഷററായി ശ്രീ. കെ.ജി. ഗോപകുമാര്‍, വൈസ് പ്രസിഡന്‍റുമാരായി ശ്രീ.വി.എസ്. മീരാണ്ണന്‍, ശ്രീ. ടി.വി. നാരായണമാരാര്‍, ശ്രീ.ടി.പി. തിലകന്‍, ജോയിന്‍റ് സെക്രട്ടറിമാരായി ശ്രീ. സി. ബാബു പാളയം, ശ്രീ. കെ.എ. ജോസഫ്, ശ്രീ. കെ.ആര്‍. ബാലാസിംഗ് എന്നിവരായിരുന്നു ഭാരവാഹികള്‍. 2011 ഡിസംബര്‍ മാസത്തില്‍ പഴയ ഷെഡ് പൊളിച്ച് മാറ്റി സമീപത്തുതന്നെ ഒരു ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുത്തു. 14 ജില്ലകളുടെയും സഹകരണത്തോടുകൂടി ഒരു പുതിയ മന്ദിരവും നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിരുന്നു. അംഗങ്ങളില്‍നിന്നും പതിനായിരം രൂപ (10,000) വീതം പലിശരഹിത വായ്പയായി കടംവാങ്ങാനാണ് തീരുമാനിച്ചത്. പണം തന്നവര്‍ക്ക് ബോണ്ട് നല്‍കിയിരുന്നു. ആവശ്യമായ ഫണ്ട് കിട്ടാന്‍ പ്രയാസമായപ്പോള്‍ സംസ്ഥാന കമ്മിറ്റി കൂടി കൂപ്പണ്‍ പിരിവ് നടത്താന്‍ തീരുമാനിച്ചു. പണത്തിന്‍റെ ലഭ്യതയനുസരിച്ച് 11 മാസം കൊണ്ട് 9000 സ്ക്വയര്‍ഫീറ്റിലുള്ള മൂന്നുനില കെട്ടിടം പണിതു. 2012 ഡിസംബറില്‍ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി.
സംസ്ഥാന എക്സിക്യൂട്ടീവിനെ വിശ്വാസത്തിലെടുത്ത് വായ്പയായും കൂപ്പണിലൂടെയും അംഗങ്ങള്‍ സാമ്പത്തിക സഹായം ചെയ്തതുകൊണ്ട് മാത്രമാണ് എറണാകുളം ടൗണിനകത്ത് ഇത്ര വലിയ ഒരു കെട്ടിടം പണിയാന്‍ നമുക്ക് സാധിച്ചത്. പണം കടം തന്ന പല അംഗങ്ങളും ആ തുക സംഭാവനയായി നല്‍കിയിട്ടുണ്ട്. അതിനുവേണ്ടി സഹകരിച്ച ഓരോ അംഗത്തിനും സംഘടനയുടെ പേരില്‍ എന്നെന്നും നന്ദിയുണ്ടായിരിക്കും. 07.04.2013ന് സംസ്ഥാന ആസ്ഥാനമന്ദിരം ബഹുമാനപ്പെട്ട എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. കെ. ബാബു ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീ. ടോണി ചെമ്മണി, എം.എല്‍.എ.മാരായ ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍, ശ്രീ. ബെന്നി ബഹന്നാന്‍, ടി.വി.എസ്. ടെക്നിക്കല്‍ മാനേജര്‍ ശ്രീ. ദിവാകര റെഡി, കൗണ്‍സിലര്‍ ശ്രീ. സോജന്‍ ആന്‍റണി തുടങ്ങിയവര്‍ സംഘടനയെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. 14 ജില്ലകളില്‍നിന്നും നമ്മുടെ അംഗങ്ങള്‍ പങ്കെടുത്തിരുന്നു.
2012-ൽ തന്നെ ഈ ലക്ഷ്യം സാധ്യമായി സംഘടനാ അംഗങ്ങളുടെയും എല്ലാ തലത്തിലുള്ള ഭാരവാഹികളുടെയും കൂട്ടായ ശ്രമഫലമായാണ് , ഇത് അനായാസം പ്രാവർത്തികമാക്കാനായത്.
2015 മുതൽ ട്രയിഡ് സർട്ടിഫിക്കറ്റ് കോഴ്സ്കൾ നടത്തി ,എല്ലാ വിഭാഗം അംഗങ്ങൾക്കും പ്രാവിണ്യ സർട്ടിഫിക്കറ്റ് കൊടുക്കാനായി. ഏഴ് ജില്ലകളിലായി ആരംഭിച്ച ടെക്ക്നിക്കൽ ഇൻസ്റ്റിട്യൂട്ടുകളും സംഘടനയ്ക്ക് വേറിട്ട മുഖം നൽകി.
2011-ൽ പ്രസിദ്ധീകരണം പുന:രാരംഭിച്ച ന്യൂസ് ബുള്ളറ്റിനും 25000 വരിക്കാരുമായി കൃതമായി നടക്കുന്നു.
2015 ൽ നടത്തിയ 30ാം സംസ്ഥാന സമ്മേളനം അക്ഷരാർത്ഥത്തിൽ പാലക്കാട് നഗരത്തെ “നീലക്കടൽ ” ആക്കി,സംഘശക്തി വിളിച്ചോതുന്നതായി.
2019 ൽ 5ദിവസങ്ങളിലായി , കണ്ണൂർ പോലീസ് പരേഡ് മൈതാനിയിൽ നടന്ന 34 മത് സംസ്ഥാന സമ്മേളനം സംസ്ഥാനത്താകെ ശ്രദ്ധിക്കുന്നതായി. സംഘടനയുടെ കെട്ടുറപ്പും വളർച്ചയും പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞത് മുതൽക്കൂട്ടായി.